'ആര്‍സിബി കെയേഴ്‌സ്'; തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നല്‍കും
ബംഗളൂരു: ഐപിഎല്‍ കന്നിക്കിരീടം നേടിയെത്തിയ ആര്‍സിബി ടീമിന് ബംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്വീകരണം നല്‍കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ടീം അധികൃതര്‍ അറിയിച്ചു. ആര്‍സിബി കെയേഴ്‌സ് എന്ന പേരിലാണ് ടീം സഹായധനം നല്‍കുക. കീരിടം നേടിയെത്തിയ റോയല്‍ ചാലഞ്ചേഴ്‌സിന് സ്വീകരണം നല്‍കാന്‍ രണ്ടരലക്ഷത്തോളം പേരാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തിന് തൊട്ടുപിന്നാലെ ടീം പത്ത്‌ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ധനസഹായം 25 ലക്ഷരൂപയായി ഉയര്‍ത്തിയത്. '2025 ജൂണ്‍ 4-ന് ഞങ്ങളുടെ ഹൃദയം തകര്‍ന്നു. ആര്‍സിബി കുടുംബത്തിലെ 11 പേരെ ഞങ്ങള്‍ക്ക് നഷ്ടമായി. അവരുടെ വേര്‍പാട് ഞങ്ങളുടെ ഓര്‍മ്മകളില്‍ എന്നും നിലനില്‍ക്കും,' ശനിയാഴ്ച ആര്‍സിബി എക്‌സില്‍ കുറിച്ചു. ആ ദിവസം എല്ലാം മാറ്റിമറിച്ചു. ഹൃദയം തകര്‍ത്തു. ഇത്രനാളും നീണ്ട നിശ്ശബ്ദത അസാന്നിധ്യമായിരുന്നില്ല. സങ്കടമായിരുന്നു...' -ചിന്നസ്വാമി സ്റ്റേഡിയംദുരന്തത്തിനുപിന്നാലെ സാമൂഹികമാധ്യമത്തിലെ നീണ്ട നിശ്ശബ്ദതയ്ക്കുശേഷം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു മറ്റൊരു കുറിപ്പില്‍ പങ്കുവച്ചു. ജൂണ്‍ 3-ന് അഹമ്മദാബാദില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ തോല്‍പ്പിച്ചാണ് ആര്‍സിബി ഐപിഎല്‍ കന്നിക്കീരീടം നേടിയത്.